മുറിവിന്റെയാഴങ്ങൾ

കാലമൊരുക്കിയ കൂട്ടിൽ നീയന്നെന്റെ

കൂട്ടിനായോടിയെത്തി.

പ്രണയം നിറഞ്ഞൊരാ ചെപ്പിന്റെയുള്ളിലെന്നൊന്നായി

നമ്മൾ മാറി.

നിനവിലും നീലവിഹായസിലും നിന്റെ

പുഞ്ചിരി ഞാനറിഞ്ഞു .

അറിയാകടങ്കഥ പോലെയൊന്നാകിലും

അഴൽ ഞാനറിഞ്ഞതില്ല.

നിമിഷങ്ങളൊന്നായ് കിതച്ചോടി മാറി നാം

രണ്ടായകന്നു നീങ്ങി.

സ്നേഹവിശ്വാസങ്ങൾ നിന്നിലന്നർപ്പിച്ച

എൻ നന്മ കണ്ടിടാതെ.

പോയി നീ ഭൗതിക ജീവിതകാഴ്ച്ചകൾ

കണ്ടു മനം മയങ്ങി.

തെറ്റു നീ തീർത്ത മുറിവിന്റെയാഴങ്ങൾ

നിന്റെ വിധിക്കു കാക്കും.

നിന്റെ നിനവിലും തീർക്കും നിലയ്ക്കാത്ത

നോവിന്റെ പേമാരികൾ.

ചില നഷ്ടങ്ങൾ ഉള്ളിൽ കിടന്ന് വല്ലാതെ നോവിക്കുന്നു….! കൈവിട്ടു പോയതെന്തോ ഇനി ഒരിക്കലും തിരികെ ലഭിക്കാത്തതും…! മനുഷ്യ ജന്മം അങ്ങനെയാണ്‌…, അപ്രതീക്ഷിതമായ ആഗമനവും…ദാരുണമായ നഷ്ടങ്ങളും…അപ്രായോഗിക പ്രവർത്തനങ്ങളും…! ഒടുവിൽ തിരിച്ചറിവിന്റെകരങ്ങളിൽ ചായ്ന്ന്‌ വിലപിക്കുമ്പോൾ…. അവിടെ ആരും ആ തേങ്ങൽ കേൾക്കനൊ…കണ്ണുനീർ തുടക്കാനോ ഇല്ലെന്ന തിരിച്ചറിവ്‌..! ഏകാന്തതയുടെ അവ്യക്ത ഭാവം വന്ന് മൂടുമ്പോൾ… വിഹ്വലത പതിഞ്ഞ ഒരു നോമ്പരം….! അതാണ്‌.. ഞാൻ…എന്റെ ഹൃദയം… ,,, എന്റെ ജീവിതം…!